16-December-2023 -
By. health desk
കൊച്ചി: രോഗികള്‍ക്കെന്നപോലെ ആരോഗ്യപ്രവര്‍ത്തകരും മനുഷ്യാവകാശത്തിന് അര്‍ഹരാണെന്ന് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്. കേരളത്തില്‍ ജോലി സ്ഥലത്ത് ഏറ്റവും കൂടുതല്‍ അക്രമം നേരിടേണ്ടി വരുന്ന സമൂഹമായി മാറിയിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകരെന്ന്.മനുഷ്യാവകാശവും ആരോഗ്യസംരക്ഷണവും എന്ന വിഷയത്തില്‍ ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹെല്‍ത്ത് കെയര്‍ കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് മുന്‍ഗണന നിശ്ചയിക്കുക. ഇക്കാര്യത്തിലുളള പൊതുസമുഹത്തിന്റെ അറിവില്ലായ്മയാണ് പലപ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള മനുഷ്യാവകാശ ലംഘനത്തിന് വഴിവെയ്ക്കുന്നതെന്ന് കോണ്‍ക്ലേവ് വിലയിരുത്തി. രോഗാവസ്ഥ എന്തെന്ന് രോഗിയെ ബോധ്യപ്പെടുത്തേണ്ടത് ചികില്സിക്കുന്ന ഡോക്ടറുടെ കടമയാണ്. എന്നാല്‍ രോഗിയെ രോഗവിവരം അറിയിക്കരുതെന്ന ബന്ധുക്കളുടെ അഭ്യര്‍ഥന ഡോക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാറുണ്ടെന്നും കോണ്‍ക്ലേവ് വിലയിരുത്തി.
എ.ഐ പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ കൃത്യമായ രോഗ നിര്‍ണ്ണയത്തിനും രോഗികള്‍ക്ക് മികച്ച ചികില്‍സ പ്രദാനം ചെയ്യുന്നതിനും സഹായകരമാണ്.ഡോക്ടര്‍മാരില്ലാതെ റോബോട്ടുകള്‍ മാത്രം ചെയ്യുന്നതല്ല റോബോട്ടിക് സര്‍ജറികള്‍. സര്‍ജറി ചെയ്യുന്നതിന് ഡോക്ടര്‍മാരെ സഹായിക്കുകയാണ് റോബോട്ട് ചെയ്യുന്നതെന്നും ആരോഗ്യസംരക്ഷണത്തില്‍ സാങ്കേതിക വിദ്യയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ ആരോഗ്യവിദഗ്ദര് വ്യക്തമാക്കി. മക്കളും ബന്ധുക്കളും ഒപ്പമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന പ്രായമായവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്.ഇവരെ മാനസികമായും അല്ലാതെയും സഹായിക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്ന് വാര്‍ധക്യവും ദീര്‍ഘകാല പരിചരണവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച വിലയിരുത്തി.പ്രായമായവരെ വൃദ്ധ സദങ്ങളിലേക്ക് മാറ്റുന്നതിനു പകരം സ്വന്തം വീടുകളില്‍ തന്നെ കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കണം. ഇതിന് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണ്. ഒപ്പം സാമ്പത്തിക സുരക്ഷയും നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും സ്വകാര്യമേഖലയും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആവശ്യമാണ്.
രോഗിയുടെ മസ്തിഷ്ക്ക മരണം പ്രോട്ടോക്കോള്‍ പ്രകാരമുള്ള സ്ഥിരീകരണത്തിലൂടെയല്ലാതെ ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിക്കാന്‍ കഴിയില്ല.അവയവദാനം മസ്തിഷ്ക മരണ പ്രഖ്യാപനത്തിന് മാനദണ്ഡമല്ല. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അവയവദാനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ബന്ധുക്കള്‍ക്ക് മാത്രമാണെന്നത് പൊതു സമൂഹം മനസിലാക്കണമെന്നും കോണ്‍ക്ലേവ് വ്യക്തമാക്കി.ഡോ.മരിയ വര്‍ഗ്ഗീസ്,ഡോ.അതുല്‍ ജോസഫ് മാനുവല്‍, ഡോ.സുനില്‍.കെ.മത്തായി എന്നിവര്മോഡറേറ്റര്മാരായി.ഡോ.ജിനോ ജോയ്,ഡോ.അരുണ്‍ ഉമ്മന്‍, ഡോ. റൊമേഷ് ആര്, ഡോ.വിനോദ് സേവ്യര്‍ ഫ്രാങ്കല്‍ന്‍, ഡോ.പി.എ മേരി അനിത, ഡെന്നി ടോമി,ഡോ.ദിലീപ് പണിക്കര്‍, രഞ്ജിത് കൃഷ്ണന്, ഡോ.അജിത് വേണു ഗോപാല്‍,ഡോ. കെ അജിത് ജോയി, സുനില്‍ പ്രഭാകര്‍, ബോധിഷ് തോമസ്,ഡോ.സൂബ്രമഹ്മണ്യ അയ്യര്‍, ഡോ.മാത്യു നമ്പേലില്‍, ഡോ.സുവര്‍ണ സോമന്,ധന്യ ശ്യാമളന്.അഡ്വ.നിഹാരിക ഹേമരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.